ഒരു നിശബ്ദനാഴികക്കല്ല്; 'ജലച്ചായം' പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്..! അഭിത സുഭാഷ്

ലച്ചിത്രരംഗത്ത് നിശബ്ദമായി അടയാളപ്പെട്ടുക്കിടക്കുന്ന ഒരു നാഴികക്കല്ല്; 'ജലച്ചായം' പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്..! Abhitha Subash
ലോകജനജീവിതം ഇന്ന് ഇന്റെർനെറ്റിലാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും. ഇന്റെർനെറ്റിന്റെ ഉപയോഗവും അതുമായി ബന്ധപ്പെട്ട സൈബർ ഇടങ്ങളും പ്രവർത്തനങ്ങളുമാണ് ഇപ്പോൾ ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. 
ജലച്ചായത്തിൻറെ പോസ്റ്റർ
കമ്പ്യൂട്ടർ, ലാപ്, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയവകളിലാണ് സൈബർ ലോകവും ഇന്നത്തെ ജനജീവിതവും കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിൽ തന്നെ ഇന്ന്, 80% ത്തിലധികം പേരും മൊബൈൽ ഫോണിലൂടെ തങ്ങളുടെ ഇന്റർനെറ്റ് ലോകം കാണുന്നതും അറിയിക്കുന്നതും എല്ലാം.  അതുകൊണ്ടു തന്നെ, മൊബൈൽ ഫോണുകൾ ഇന്ന് സർവ്വസാധാരണവും കൗതുകങ്ങളൊന്നുമില്ലാത്ത ഒരു ഉപകരണവും ആയിക്കഴിഞ്ഞു. എന്നാൽ, ഇതിൻറെ പ്രാരംഭഘട്ടത്തിൽ നടന്ന പലപല വിസ്മയങ്ങളുടെയും കൂട്ടത്തിൽ പലരും ഇന്നും അറിയപ്പെടാതെ കിടക്കുന്ന ചില അവശേഷിപ്പുകളുണ്ട്. അതാണ്, ജലച്ചായം എന്ന ഒരു കൊച്ചുസിനിമ. ഒരു വിസ്മയമായി ഇന്നും ഇവിടെത്തന്നെ നിൽക്കുന്ന ഒരു നാഴികക്കല്ല്. ലോകചലച്ചിത്രരംഗത്തിൻറെ തന്നെ നാഴികക്കല്ല്. ഇതു ജന്മം കൊണ്ടതോ നമ്മുടെ ഈ കൊച്ചു കേരളത്തിൽ, തൃശ്ശൂരിൽ. അതും, ഒരു മൊബൈൽ ഫോണിന്റെ ഗർഭപാത്രത്തിൽ. ഇന്നത് സർവ്വസാധാരണമാണ്. എന്നാൽ, ഒരു ദശാബ്ദം മുമ്പ് വലിയൊരു വിസ്മയം തന്നെയായിരുന്നു അതിന്റെ പിറവി..!
അഭിത സുഭാഷ് ( ലേഖിക )
മൊബൈൽ ഫോണുകളുടെ പിതാവായി അറിയപ്പെടുന്ന അമേരിക്കക്കാരനായ ഡോ: മാർട്ടിൻ കൂപ്പർ ആയിരുന്നു കയ്യിൽ കൊണ്ട് നടക്കാവുന്ന ആധുനിക മൊബൈൽ ഫോണിന്റെ നിർമ്മാണത്തിന് വഴിത്തെളിയിച്ചത്. 1973-ലാണ് മോട്ടറോള കമ്പനിയിലെ എൻജിനീയറായിരുന്ന കൂപ്പർ ആദ്യത്തെ സമ്പൂർണ്ണ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. അദ്ദേഹം പോലും അന്ന് കരുതിയിരിക്കാനിടയില്ല, ആ കണ്ടുപിടുത്തം ഏതൊക്കെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമെന്ന്..!
കാരണം, അദ്ദേഹം ഈ ഉപകരണം രൂപകൽപ്പന ചെയ്യുമ്പോൾ അതിൻറെ ഉദ്ദേശശുദ്ധി ഒന്നുമാത്രമായിരുന്നു; പോർട്ടബിളായ ഒരു ആശയവിനിമയ ഉപകരണം..! അതുവരെ, നമുക്ക് പരിചിതമായ ടെലിഫോൺ അഥവാ ദൂരഭാഷണി എന്ന സാങ്കേതികവിദ്യ ഒരിടത്ത് മാത്രം ഉറപ്പിച്ചുവെക്കാവുന്ന ലാൻഡ് ഫോൺ സംവിധാനമായിരുന്നു. അതിൽ നിന്നും, കൈകളിൽ കൊണ്ടുനടക്കാൻ പറ്റുന്ന ഒരു സംവിധാനം. അതിനപ്പുറം ഒരു സാക്ഷാൽക്കാരം അദ്ദേഹത്തിൻറെ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ, അതിൻറെ മറുപടി, ഉപജ്ഞാതാവിനും അപ്പുറത്ത് അതിനെപ്പറ്റി സ്വപ്നം കണ്ടവരും അത് സാക്ഷാൽക്കരിച്ചവരുമൊക്കെയാണ് പറയേണ്ടി വരിക. അങ്ങനെ പറഞ്ഞ ഒരു മറുപടിയാണ് ജലച്ചായവും..! കൂപ്പറിന്റെ വിദൂരമായ ചിന്തകളിൽ പോലും മേൽപ്പറഞ്ഞ ആ 'നാഴികക്കല്ല്' ഉണ്ടായിരുന്നിരിക്കില്ല.
അതെ..! 2010 ജൂൺ 6ന്, കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ശ്രീ തിയ്യറ്ററിൽ പ്രദർശനം നടത്തിയ ഈ സിനിമ കൂപ്പറിന്റെ ഈ കണ്ടുപിടുത്തത്തിന്റെ അപ്രതീക്ഷിതമായ മറ്റൊരു സാക്ഷാൽക്കാരം കൂടിയായിരുന്നു. ലോകചലച്ചിത്രരംഗത്തിനു തന്നെ മികച്ചൊരു സംഭാവനയായിരുന്നു..! ലോകത്ത് ആദ്യമായി ഒരു മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ മുഴുനീള ചലച്ചിത്രം (ഫീച്ചർ ഫിലിം) എന്ന ഖ്യാതി നേടിയെടുത്ത ചലച്ചിത്രം; 'സെൽഫോണിൽ ചാലിച്ച 'ജലച്ചായം..!'
ഇതു സാധ്യമാക്കിയത് സതീഷ് കളത്തിൽ (Sathish Kalathil) എന്ന ഒരു തൃശ്ശൂർക്കാരനാണ്. നാടെങ്ങും മൊബൈൽ ഫോൺ ആധിപത്യം സ്ഥാപിച്ചു വരുന്ന കാലഘട്ടം. തുടക്കത്തിൽ സെല്ലുലാർ ഫോൺ അഥവാ, സെൽ ഫോൺ എന്ന പേരിൽ അറിയപ്പെട്ട കൂപ്പറിന്റെ ഈ ഉപകരണം, ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനപ്പുറം ടൈപ്പ് ചെയ്ത മെസ്സേജുകൾ അയക്കാനും, ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാനും ഒക്കെ വളർന്നപ്പോൾ അത് ഗുണകരമായി ഉപയോഗിക്കുന്നതിനേക്കാൾ ഉപരി അതെങ്ങനെ ദുർവിനിയോഗം ചെയ്യാം എന്ന കണ്ടെത്തലുകളാണ് ആദ്യക്കാലത്ത് കൂടുതലും നടന്നത്.
ജലച്ചായം സ്വിച്ച് ഓൺ സംവിധായകൻ  
പി. രാമദാസ് നിവ്വഹിക്കുന്നു.   
പക്ഷെ, അതിലൊരു ചലച്ചിത്രസാദ്ധ്യത കണ്ടെത്തി പരീക്ഷിച്ചു വിജയിച്ചു എന്നതാണ് സതീഷ് കളത്തിലിൻറെ നേട്ടം. അതും, ഒരേപ്പാതയിൽ രണ്ടു വട്ടമാണ് അദ്ദേഹം വിജയിച്ചത്. 2008-ൽ ഒരു മൊബൈൽ ഫോൺ ഫോൺ ഉപയോഗിച്ചു തന്നെ അദ്ദേഹം ഒരു പരീക്ഷണം നടത്തിയിരുന്നു. ചിത്രകലയെക്കുറിച്ചു 26മിനിട്ടിൽ ഒരുക്കിയ ഒരു ഡോക്യുമെന്ററി. 'വീണാവാദനം' എന്ന ഈ ഡോക്യുമെന്ററി 2008 ജൂലൈ 20 തൃശ്ശൂർ എലൈറ്റ് ഹോട്ടൽ ഇന്റർനാഷണലിൽ വെച്ചു 16 എം.എം സ്ക്രീനിൽ ഡിജിറ്റൽ ഫിലിം പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശ്ശിപ്പിക്കുകയും അത് ചരിത്രമാവുകയും ചെയ്തു. ഈ ഡോക്യുമെന്ററിക്ക് ഇന്ത്യൻ സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. മൊബൈൽ ഫോണിൽ ചിത്രരകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രമായി അറിയപ്പെടുന്നതും ഈ ഡോക്യുമെന്ററി തന്നെ..! 2 മെഗാപിക്സൽ വീഡിയോ ക്വളിറ്റിയുള്ള നോക്കിയ കമ്പനിയുടെ എൻ 70 മ്യൂസിക് എഡിഷൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഡോക്യുമെന്ററി ടി.സി.വി ടെലിവിഷൻ ചാനൽ സംപ്രക്ഷേപണം ചെയ്യുകയുണ്ടായി.
മുൻപ്, 2006-ൽ ഇറ്റലിയിലെ Marcello Mencarini, Barbara Seghezzi എന്നീ രണ്ടു സംവിധായകർ ചേർന്ന് 93 മിനിട്ടുള്ള ഒരു ഒരു ഡോക്യുമെന്ററി എടുത്തിരുന്നുവെന്ന് സൂചനകൾ ഉണ്ട്. ഇറ്റാലിയൻ കവിയും, ചലച്ചിത്ര സംവിധായകനുമായിരുന്ന പിയർ പവലോ പസ്സോളിനിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയായിരുന്നു അത്. പക്ഷെ, അതെടുത്തത് MPEG4 വീഡിയോ ഫോർമറ്റിലാണെന്ന ഒരു വിശദാംശമല്ലാതെ അതിന് ഉപയോഗിച്ച മൊബൈൽ ക്യാമറയെ പറ്റി ഡീറ്റയിൽസുകൾ കാണുന്നില്ല. എന്നിരുന്നാലും, അതും രേഖകളിൽ കിടക്കുന്നു. അതുകൊണ്ടാകാം, ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായി വീണാവാദനത്തെ ചലച്ചിത്ര ചരിത്രകാരന്മാർ അംഗീകരിക്കാതിരുന്നത് എന്നു കരുതുന്നു.
ചലച്ചിത്രതാരം കൃപ
ജലച്ചായത്തിൻറെ ആദ്യക്ലാപ്പ് അടിക്കുന്നു.
ഈ കുറവ് അദ്ദേഹം നികത്തിയത് ജലച്ചായത്തിലൂടെയായിരുന്നു. ഒന്നരമണിക്കൂറിൽ ഒരു കഥ പറയുന്ന ഈ ചലച്ചിത്രം, ഒരു മൊബൈൽ ഫോൺ ക്യമയുടെ സാദ്ധ്യതകൾ മാത്രം പ്രയോജനപ്പെടുത്തി ബിഗ് സ്ക്രീനിലേക്കെത്തിവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ നേട്ടത്തിന് ഇന്ന് പത്താണ്ടു തികയുകയാണ്. പൂർണ്ണമായും, കേവലം 5 മെഗാപിക്സൽ മാത്രം വീഡിയോ ക്വളിറ്റിയുള്ള നോക്കിയ എൻ 95 ഫോണിൽ ചിത്രീകരിച്ച ഈ പരീക്ഷണത്തിലൂടെ... ഈ സിനിമയിലൂടെ, അദ്ദേഹം നടന്നു കയറിയത് ലോകത്തിലെ ആദ്യ മൊബൈൽ ഫോൺ സിനിമാ സംവിധായകനും നിർമ്മാതാവുമെന്ന റെക്കോർഡിലേക്കായിരുന്നു.
കോടികളും ലക്ഷങ്ങളില്ലാതെ, വിലപിടിപ്പുള്ള താരങ്ങളില്ലാതെ ചുരുങ്ങിയ ചിലവിൽ ഒരു സിനിമയെടുത്ത് തിയ്യറ്ററിൽ പ്രദർശിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ ആ ലക്ഷ്യത്തിനു പിന്നിൽ തൃശൂരിലെ ഒരുപ്പാട് നല്ല ചലച്ചിത്രപ്രവർത്തകരെ അണിനിരത്തുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയായ ന്യൂസ് പേപ്പർ ബോയുടെ സംവിധായകനുമായ അന്തരിച്ച പി. രാമദാസ് സ്വിച്ചോൺ നിവ്വഹിച്ചു വിട്ട ഈ സിനിമ, കലയോടുള്ള ആർത്തിയും ആദരവും കൊണ്ടു മാത്രമായിരുന്നു പിറവി കൊണ്ടത്. ലോകത്തെ മാറ്റിമറിക്കാനല്ല, ആരെയും തോൽപ്പിക്കാനല്ല, മറിച്ച് ഞങ്ങളിവിടെ ഒരു കല്ല് കുഴിച്ചിടുന്നു എന്നുമാത്രം പറഞ്ഞു കൊണ്ടുള്ള ഒരു എളിയ ശ്രമം..!
വീണാവാദനത്തിൻറെ പോസ്റ്റർ 
വീണാവാദനത്തിലൂടെ, വടക്കുംനാഥന്റെ മണ്ണിൽ രൂപം കൊണ്ട അസംഘടിതരും അമേച്ചറുകളുമായ ഒരുകൂട്ടം ചലച്ചിത്രകാരൻമാരുടെ വിജയമായാണ് തൃശ്ശൂരിലെ പത്രപ്രവർത്തകരും മുതിർന്ന ചലച്ചിത്രകാരൻമാരും ജലച്ചായത്തെ നോക്കിക്കണ്ടത്. നഗരത്തിലെ ഒരു ചിത്രകലാ അദ്ധ്യാപകൻ ഒരു ഗ്രാമീണ ചിത്രകാരനെ ചിത്രകലയുടെ ആധുനിക സങ്കേതങ്ങൾ പഠിപ്പിച്ച് അയാളിലൂടെ നല്ല ചിത്രങ്ങൾ സ്വന്തമാക്കുന്നു. ആ സൃഷ്ടികളെല്ലാം സ്വന്തം പേരിൽ അയാൾ പുറംലോകത്തെത്തിക്കുന്നു. ഗ്രാമീണ ചിത്രകാരന് അയാൾ വരക്കുന്നതിനുള്ള കൂലി ആ ചിത്രകലാ അദ്ധ്യാപകൻ നൽകുന്നുണ്ടെങ്കിലും തന്റെ സത്വം വിട്ട് അവാർഡുകളും പണവും സമ്പാദിച്ചുക്കൊണ്ടിരിക്കുന്ന ആ ചിത്രകലാ അദ്ധ്യാപകൻറെ ചതി തിരിച്ചറിയുമ്പോൾ അതിനെ ഈ ഗ്രാമീണ ചിത്രകാരൻ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് 'ജലച്ചായം പറയുന്നത്. നിറഞ്ഞു കവിഞ്ഞ ശ്രീ തിയ്യറ്ററിറിലെ സദസിന് നല്ലൊരു വിസ്മയമാണ് ഈ ചിത്രം കാഴ്ച വെച്ചതെന്നു അക്കാലത്തെ മാദ്ധ്യമ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അതോടുകൂടി, തിയ്യറ്ററിനുമപ്പുറത്ത്, കടലുപോലെ പരന്നു കിടന്ന സിനിമാപ്രേക്ഷകലോകവും ഈ കൊച്ചു സിനിമയിലേക്ക് കണ്ണുകൾ പായിച്ചു. അതുതന്നെയായിരുന്നു, അതുമാത്രമായിരുന്നു ജലച്ചായത്തിന്റെ അണിയറ പ്രവർത്തകർ ആഗ്രഹിച്ചതും..!
ഇന്ന്, ലോകം മുഴുക്കെ, പതിനഞ്ചും ഇരുപതും ഒക്കെ മെഗാപിക്സലുകളുള്ള വിലകൂടിയ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചു ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു. ആഗോളതലത്തിൽ ഇത്തരം ചലച്ചിത്രങ്ങൾക്ക് വേണ്ടി ആർഭാടമായി ചലച്ചിത്രമേളകൾ കൊണ്ടാടുന്നു. അപ്പോഴും, ഈ 'നാഴികക്കല്ല്', ആഘോഷങ്ങളും ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ.. നിശബ്ദമായി അതിൻറെ പ്രയാണത്തിൽ ഇന്നേക്ക് ഒരു പതിറ്റാണ്ട് പൂർത്തീകരിച്ചിരിക്കുന്നു..!
അഭിത സുഭാഷിൻറെ ഫേസ് ബുക്ക് പേജിൽ ലേഖനം കാണുവാൻ: 
https://www.facebook.com/abhitha.subash.7/posts/249869189768796

Popular posts