ഗൃഹിണിക്കൊരു 'വിഷുക്കണി'


അങ്ങനെ, നീണ്ട ഒരുപ്പാട് അലച്ചിലുകൾക്കൊടുവിൽ എൻറെ കാര്യത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായി..!
ആൽബത്തിൻറെ മുഖച്ചിത്രം
2001 ഡിസംബർ 30നാണത് സംഭവിച്ചത്. നാട്ടിൽ, അല്ലറ ചില്ലറ കുരുത്തക്കേടുകളൊപ്പിച്ചു നടക്കുന്ന സമയം. ക്ലബ്ബ്..രാഷ്ട്രീയം.. സാമൂഹ്യപ്രവർത്തനം തുടങ്ങിയ വേണ്ടാത്ത കോത്രംകൊള്ളികൾ മുഴുവൻ ഉണ്ടായിരുന്നു.
ശങ്കരയ്യ റോഡിൻറെ അയൽക്കൂട്ടം സെക്രട്ടറി, റെഡ് സ്റ്റാർ ക്ലബ്ബിന്റെ പ്രസിഡണ്ട്, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ലൈറ്റ് മോട്ടോർ ആൻറ് ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, വഴിയോരക്കച്ചവട യൂണിയൻ ജില്ലാ പ്രസിഡന്റ്, സർവ്വോപരി, രണ്ടേ രണ്ട് എഡിഷൻ മാത്രം ഇറങ്ങിയ പ്രതിഭാവം എന്നൊരു ഉണക്ക പത്രത്തിൻറെ ഓണർ കം എഡിറ്റർ തുടങ്ങി ഈ ഭാഗത്ത് അന്ന് കിട്ടാനിടയുണ്ടായിരുന്ന പല നാട്ടു 'കിരീടങ്ങളും' ചുമന്നിരുന്ന കാലം..!
മുൻ ആരോഗ്യ വകുപ്പ് മന്ത്രി അന്തരിച്ച
എ.സി. ഷണ്മുഖദാസിനോടൊപ്പം. 
അങ്ങനെയിരിക്കുമ്പോഴാണ് വേറൊരു കിരീടം കൂടി തലയിൽ ഏറ്റെടുത്ത് വെച്ചത്. കഥയിൽ ചോദ്യമില്ലെന്ന് പഴംചൊല്ല് ഓർത്തുകൊണ്ടെങ്കിലും, ഇത്രയും കിരീടങ്ങൾ മുഴുവൻ സ്വന്തം തലയിൽ അണിയാൻ മാത്രം നിങ്ങളെന്താ രാവണനാണോ' എന്നൊന്നും ചോദിച്ചേക്കരുത്.. ആരുടെയൊക്കെയോ വിവരക്കേടുകൾ കൊണ്ട് അങ്ങനെയെല്ലാം സംഭവിച്ചൂന്ന് മാത്രം മനസിലാക്കുക..!
പറഞ്ഞു വരുന്നത്, പുതിയ കിരീടത്തിൻറെ കാര്യം..! പാവം.. ആ.. കിരീടം, ദേ ഇപ്പൊ ഒരു മൂലയിൽക്കിടന്ന് കൂർക്കം വലിക്ക്യാണ്..! തൃശ്ശൂരിലെ തെക്കു പടിഞ്ഞാറൻ കടലോര പ്രദേശമായ നാട്ടികയിൽ നിന്നും കെട്ടുകെട്ടിയെടുത്തതാണ്..! കൂടുതൽ വിവരങ്ങൾക്കോ വിവരണങ്ങൾക്കോ ഇപ്പൊ, തല്‌ക്കാലം മുതിരുന്നില്ല. നാളെത്തെ വിഷു 'മിഷു'വാകാതിരിക്കാൻ ചെറിയൊരു മുൻകരുതൽ. എങ്കിലും, കഥാനായികയെപ്പറ്റി ഒരു രണ്ടക്ഷരം കുറിച്ചില്ലേൽ അതും മോശമല്ലേ..?
അതുകൊണ്ട്, മാത്രം പറയാണ് ട്ടോ.. ഒരു ജോലി എടുക്കാണേൽ പുള്ളിക്കാരി അത് വൃത്തിയായി ചെയ്യും. പ്രത്യേകിച്ച് മീൻവെട്ട്‌. ഏത് പാതിരാത്രിക്കാണെങ്കിലും ഒരു വഞ്ചി നിറയെ മീൻ കൊടുന്നിട്ടു കൊടുത്താലും പുലർച്ചെക്കുള്ളിൽ അതുമുഴുവനും വൃത്തിയാക്കിയെടുത്തിട്ടുണ്ടാകും. മാംസത്തിൽ, അജമാംസം തന്നെ വേണം. ഇല്ലെങ്കിൽ, ഒരൊണക്കമീനാണെങ്കിലും പഥ്യം..!
അതുപോലെ, സ്വന്തം 'ജോലി'യിലെ ആത്മാർത്ഥത. ഹോ.. അതൊന്നൊന്നര ആത്മാർത്ഥത തന്നെയാണേയ്..! തൃശ്ശൂർ ബ്ലോക്കിലെ കോട്ടപ്പുറത്ത്, നബൂതിരി വിദ്യാലയം സ്കൂളിൽ പ്രവൃത്തിക്കുന്ന അംഗൻവാടിയിലെ ജീവനക്കാരിയാണ്.. ഹെൽപ്പർ.. ഒരു ദിവസം ജോലിക്ക് പോകാൻ പറ്റിയില്ലെന്ന് വെച്ചാ പരവശപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരിയെ (ശമ്പളം എന്നത്, ഓണറേറിയമാണെങ്കിലും 'സർക്കാർ' എന്നത് ഒരു ഗമതന്നെയല്ലേ..?) ഞാനെൻറെ ജീവിതത്തിൽ ആദ്യമായി കാണുന്നത് പുള്ളിക്കാരിത്തിക്കീ ജോലി കിട്ടിയതിന് ശേഷമാണ്.
താഴെയുള്ളോനെ, അഖിലൂനെ (അഖിൽ കൃഷ്ണയെന്ന് നാമധേയം- ട്യുട്ടൂസ്, പൊന്നൂസ് എന്നീ പര്യായങ്ങളും ഉണ്ട്.) പ്രസവിച്ചു കിടക്കുമ്പോഴാണ് ഓർഡർ കയ്യിൽ കിട്ടിയത്. പൊയ്ക്കോട്ടേന്ന് ചോദിച്ചൂ.. പോണേൽ ആയിക്കോന്നും പറഞ്ഞു. 500 രൂപയോളമേ എന്നുള്ളൂ ശമ്പളം. ക്രമേണെ കൂടുമെന്നും വയസാകുമ്പോൾ ചെറുതാണെങ്കിലും മാസാമാസം പെൻഷനായി ഒരു തുക കിട്ടുമല്ലോ എന്ന ചോദ്യം കാമ്പുള്ളത് തന്നെയല്ലേ..!
അതേയ്, പറയാൻ വന്നത് ഇതൊന്നുമല്ല. നാളെ നേരത്തെ എണീക്കണം എന്ന് ചട്ടം കെട്ടീട്ടാ അവൾ കിടന്നത്. വേറൊന്നിനും അല്ല. വിഷുക്കട്ടക്ക് നാളികേരം ചിരവിയെടുത്ത്.. പിഴിഞ്ഞരിച്ച്... ചട്ടീലൊഴിച്ച്.. അരീം, ജീരകോം പിന്നെന്തൊക്കയോ കൂടിയിട്ട് വിഷുക്കട്ടയാക്കി കൊടുക്കണം..!
ഹെന്താ ചെയ്യാ.. 19 കൊല്ലത്തോളമായി കൂടെക്കൂടി നടക്കുന്നതല്ലേ..? പോരാത്തതിന് ഇപ്പൊ, നമ്മുടെ വിജയേട്ടനും, പിണറായി വിജയനേ.. പറഞ്ഞിട്ടുണ്ടത്രെ.. കെട്ട്യോൻ മാരും അടുക്കളേൽ കേറണമെന്ന്..! മ്മടെ മുഖ്യനല്ലേ.. കേറാതിരിക്കാനൊക്കുമോ...?
അതിൻറെയൊക്കെ ഇടയിലാ വെറുതെ ഒരു പൂതി തോന്നിയത്.. എനിക്ക് കെട്ട്യോൻ പദവി കിട്ടിയാ പട്ടാഭിഷേകം ചടങ്ങുകൾ അന്നെൻറെയൊരു ലൊടാക്ക് കൊഡാക്കിൻറെ ഒരു ഓട്ടോ ഫോക്കസ്സ് കാമറയിൽ പകർത്തിയിരുന്നു. അന്നത് വെറുതെ പ്രിന്റെടുത്ത് സൂക്ഷിച്ചതേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്തെ ഹാൻഡ് മെയ്ഡ് ആൽബം ഉണ്ടാക്കിയിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം സ്വന്തമായി ഡിസൈനിങ്ങ് ചെയ്യാൻ തുടങ്ങിയപ്പോൾ ഏകദേശം രണ്ടു കൊല്ലം മുൻപ് ഫോട്ടോഷോപ്പിൽ കേറ്റി ഇറക്കിയതാണ്. എന്നിട്ടും അതൊരു ആൽബമാക്കിയെടുത്തില്ല. സ്വന്തം വർക്കല്ലേ അത്രക്കൊക്കെ ഉത്സാഹം കാണൂന്ന് ഇടക്ക് നമ്മുടെ ഗൃഹിണി പിറുപിറുക്കാറുമുണ്ട്.
അത് ചെയ്യാൻ തോന്നാതിരുന്നതിൻറെ പ്രധാന കാരണം, ആ ചിത്രങ്ങൾക്ക് അത്രക്കൊന്നും ദൃശ്യമികവ് ഇല്ല എന്നതാണ്.. ആ കാലത്തെ തുക്കടാ കാമറയിൽ എടുത്തതല്ലേ..? ഫോട്ടോഷോപ്പിൽ കിട്ടാവുന്ന പരമാവധി ക്ലാരിറ്റി എടുത്തിട്ടുണ്ട്.. എങ്കിലും, ഇക്കാലത്തെ പിക്കുകളുടെ ദൃശ്യ മികവ്, കേവലം മൊബൈൽ പിക്കുകൾ പോലും കാണുമ്പോൾ.. ആ.. പിന്നെയാവട്ടെയെന്നുള്ള ഒരു തരം ചമ്മൽ..!
അതുകൊണ്ട് തല്ക്കാലം, ഇതൊരു വിഷുക്കണിയായിട്ട് പുറത്തിറക്കാമെന്ന് കരുതി.   ദേ.. ഈ സമയം ഈ മൂലയിൽ കിടന്ന്  ഈ ലോകം ചലിക്കുന്നതൊന്നും അറിയാതെ പൂണ്ടുറങ്ങുന്ന എൻറെ പാവം ഗൃഹിണിക്ക് വേണ്ടി.. ഒരു 'വിഷുക്കണി' സമർപ്പണം..!

Sathish-Rema Wed Out door-1
Sathish-Rema Wed Out door-2
Sathish-Rema Wed Svene Etc-1
Sathish-Rema Wed Svene Etc-2
Sathish-Rema Wed Out door-3
Sathish-Rema Wed Out door-4

Popular posts